പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു : ജഡ്ജിയെ ചെരുപ്പെടുത്തെറിഞ്ഞ് പ്രതി

സൂററ്റ് : അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിയെ ചെരുപ്പെടുത്തെറിഞ്ഞ് പ്രതി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം.

സൂററ്റിലെ പ്രത്യേക ജില്ലാ പോക്‌സോ കോടതിയാണ് 27കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇത് കൂടാതെ പ്രതി കുട്ടിയുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജഡ്ജി പി എസ് കല വിധിച്ചു. ഇതോടെയാണ് താന്‍ നിരപരാധിയാണെന്ന് ആരോപിച്ച് പ്രതി ജഡ്ജിയുടെ നേരെ ചെരുപ്പൂരി എറിഞ്ഞത്. ചെരുപ്പ് ജഡ്ജിയുടെ ദേഹത്ത് തട്ടാതെ സാക്ഷിക്കൂട്ടില്‍ ചെന്ന് വീണു. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തുവെന്നും കുറ്റവാളിയുടെ പെരുമാറ്റത്തില്‍ അപലപിക്കുന്നുവെന്നും ജില്ലാ ഗവ.പ്ലീഡര്‍ നയന്‍ സുഖദ്വാല പറഞ്ഞു.

ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയ പ്രതി തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും കൊലപാതകിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളിയാണ്. മെയ് ഒന്നിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജൂണ്‍ എട്ടിന് കോടതിയില്‍ സമര്‍പ്പിച്ച 206 പേജുള്ള കുറ്റപത്രം പ്രകാരം കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നിവയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ മരണം വരെ ജയിലിലടയ്ക്കണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അക്കൗണ്ടില്‍ ഇരുപത് ലക്ഷം രൂപ നഷ്ടപരിഹാരമായി നിക്ഷേപിക്കണമെന്നും കോടതി വിധിച്ചത്. വിചാരണയ്ക്കിടെ 26 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Exit mobile version