ബില്‍ക്കീസ് ബാനുവിന് നീതി: പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീംകോടതി; ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയതിനെതിരെ അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി. ജീവപര്യന്തം നിലനില്‍ക്കും. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സുപ്രീം കോടതി വിധിയോടെ 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും.

അതിജീവിതയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, അവരുടെ അവകാശം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും വിധിപ്രസ്താവത്തില്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കുറ്റവാളികള്‍ ഇളവിനായി അപേക്ഷിച്ചതെന്നും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും വിധിയില്‍ പറയുന്നു. സമൂഹ്യാവസ്ഥ എത്ര പിന്നാക്കമായാലും ഏത് വിശ്വാസം പിന്തുടന്നാലും സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു.

ശിക്ഷാവിധിയില്‍ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് സംശയരഹിതമായി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരിന് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കി ഉത്തരവ് പാസ്സാക്കാന്‍ അധികാരമില്ലെന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. വിചാരണ നടന്ന കോടതിയുടെ അഭിപ്രായം ആരാഞ്ഞ് വിചാരണ നടന്ന സംസ്ഥാനത്തിനാണ്. ശിക്ഷാ ഇളവ് നല്‍കാന്‍ അധികാരമുള്ളത്. കുറ്റവാളികളെ തടവിലാക്കിയ സ്ഥലമോ സംഭവ സ്ഥലമോ ഇളവിന് പ്രസക്തമല്ല.

Exit mobile version