ഒറ്റ വിദ്യാര്‍ഥി പോലും പത്താംക്ലാസ് പാസ്സായില്ല: ‘സംപൂജ്യ’രായി ഗുജറാത്തിലെ 63 സ്‌കൂളുകള്‍

ഗാന്ധിനഗര്‍: പത്താംക്ലാസ് പരീക്ഷാഫലത്തില്‍ രാജ്യത്തിന് നാണക്കേടായി ഗുജറാത്ത്. കഴിഞ്ഞദിവസം പത്താംക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ ഒറ്റ വിദ്യാര്‍ഥിയെ പോലും വിജയിപ്പിക്കാനാവാതെ ‘സംപൂജ്യ’രായിരിക്കുകയാണ് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിലെ 63 സ്‌കൂളുകള്‍.

ഗുജറാത്ത് സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ സെക്കണ്ടറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ ഫലം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. 66.97 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 67.5 ശതമാനമായിരുന്നു. മാര്‍ച്ചിലായിരുന്നു പരീക്ഷകള്‍ നടന്നത്.

പരീക്ഷയെഴുതിയ 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023 പേര്‍ വിജയിച്ചുവെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ.ജെ. ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 63 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പരീക്ഷയില്‍ വിജയിച്ചില്ല. പെണ്‍കുട്ടികളില്‍ 72.64 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 62.83 ശതമാനം മാത്രമാണ്.

മുന്‍വര്‍ഷങ്ങളില്‍ പരാജയപ്പെട്ട്, ഇത്തവണ വീണ്ടും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 17.23 ശതമാനം പേര്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. മീഡിയം സ്‌കൂളുകളിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം, 88.11. ഹിന്ദി മീഡിയം വിദ്യാര്‍ഥികളില്‍ 72.66 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ വെറും 64.58 ശതമാനം മാത്രമാണ് വിജയിച്ചത്.

Read Also: കമ്പിവടി ഉപയോഗിച്ച് 16 കാരന്റെ കൈതല്ലിയൊടിച്ചു: അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും അറസ്റ്റില്‍

ജില്ലാ അടിസ്ഥാനത്തില്‍ തെക്കന്‍ ഗുജറാത്തിലെ സൂറത്ത് ജില്ല 79.63 ശതമാനവുമായി ഒന്നാമതെത്തി. മധ്യമേഖലയിലെ പിന്നാക്ക ആദിവാസി ജില്ലയായ ഛോട്ടാ ഉദേപൂറാണ് ഏറ്റവും കുറവ്. ഇവിടെ 46.38 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമേ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version