“2014ന് മുമ്പ് ആള്‍ക്കൂട്ടക്കൊലപാതകം എന്ന് കേട്ടിട്ട് പോലുമില്ല, നന്ദി മോഡിജീ” : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയതിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2014ന് മുമ്പ് ആള്‍ക്കൂട്ടക്കൊലപാതകം എന്ന് കേട്ടിട്ട് പോലുമില്ലെന്ന് ട്വീറ്റ് ചെയ്ത രാഹുല്‍ മോഡിജീയ്ക്ക് നന്ദി എന്നും കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ പ്രസ്താവനയ്ക്ക് ഉടന്‍ തന്നെ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. “സിഖ് വംശഹത്യയെ ന്യായീകരിച്ച, ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പിതാവാണ് രാജീവ് ഗാന്ധി. ചോരയ്ക്ക് പകരം ചോര എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് തെരുവിലിറങ്ങിയത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു, സിഖുകാരുടെ കഴുത്തില്‍ കത്തുന്ന ടയര്‍ കെട്ടി, മൃതദേഹങ്ങള്‍ ഓവുചാലില്‍ തള്ളുക വരെ ചെയ്തിട്ടുണ്ട്.” രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

24 മണിക്കൂറിനുള്ളില്‍ മതനിന്ദ ആരോപിച്ച് രണ്ട് പേരെയാണ് പഞ്ചാബില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയയെ അറിയിച്ചത് ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ മരിക്കുന്നതോ പരിക്കേറ്റതോ ആയ ആളുകളുടെ പ്രത്യേക കണക്ക് വിവരങ്ങള്‍ എന്‍സിആര്‍ബി പരിപാലിക്കുന്നില്ലെന്നാണ്. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കാനാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Exit mobile version