ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ കമല്‍ഹാസിനെ ക്ഷണിച്ച് കോണ്‍ഗ്രസ്; ക്ഷണം സഖ്യം ചേരാന്‍ തയ്യാറാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ

തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്താണ് സഖ്യത്തിന് ക്ഷണിച്ചത്.

ചെന്നൈ: സഖ്യം ചേരാന്‍ തയ്യാറാണെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെ ഡിഎംകെ സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. തമിഴ്നാടിന്റെ ഡിഎന്‍എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്നായിരുന്നു കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.

ഈ വാക്കുകള്‍ക്ക് പിന്നാലെയാണ് കമല്‍ഹാസനെ ക്ഷണിച്ച് രംഗത്തെത്തിയത്. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്താണ് സഖ്യത്തിന് ക്ഷണിച്ചത്. ഇരുപാര്‍ട്ടികളുടെയും ആശയങ്ങള്‍ സമാനമാണ് എന്നാണ് സഞ്ജയ്ദത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘കോണ്‍ഗ്രസിന്റെ പടയാളി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് രാഹുല്‍ ഗാന്ധിയും എം.കെ.സ്റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നത് എന്നാണ്.

കമല്‍ഹാസന്റെ പ്രസ്താവനകള്‍ തെളിയിക്കുന്നത് അദ്ദേഹം ഫാസിസത്തിനും സാമുദായികശക്തികള്‍ക്കും എതിരാണെന്നാണ്. മതേതരജനാധിപത്യ ശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്.’ സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കമല്‍ഹാസന്‍ മുമ്പ് പറഞ്ഞിരുന്നു.

Exit mobile version