അച്ഛാ… തൊപ്പി ഇനി ഞങ്ങള്‍ വയ്ക്കാം: അച്ഛന്റെ എയര്‍ഫോഴ്‌സ് തൊപ്പി തലയിലണിഞ്ഞ് അവസാന സല്ല്യൂട്ട് നല്‍കി മക്കള്‍

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന് വികാരഭരിത യാത്രയയപ്പ് നല്‍കി മക്കള്‍. അച്ഛന്റെ എയര്‍ഫോഴ്‌സ് തൊപ്പി തലയിലണിഞ്ഞാണ്് വീരപുത്രനെ മക്കള്‍ വിട നല്‍കിയത്.

അവസാനമായി ധീര സൈനികനെ കാണാനെത്തിയ ജനങ്ങള്‍ക്കിടയില്‍ നിന്ന് പൃഥ്വി ചൗഹാന്റെ മക്കളുടെ മുഖം കണ്ടതോടെ എല്ലാവരുടേയും കണ്ണുനിറഞ്ഞു. അവസാനമായി അച്ഛന്റെ മുഖം കണ്ട ശേഷം അച്ഛന്റെ തൊപ്പിയണിഞ്ഞ് സല്യൂട്ട് നല്‍കിയായിരുന്നു ഔദ്യോഗിക യാത്രയയപ്പ്.

ആദ്യം പൃഥ്വി സിങ് ചൗഹാന്റെ ഇളയമകന്‍ തൊപ്പിയെടുത്ത് തലയില്‍ വെക്കുന്നതും പിന്നീട് അദ്ദേഹത്തിന്റെ മൂത്ത മകള്‍ക്ക് തൊപ്പി കൊടുക്കുകയും ചെയ്യുന്ന വൈകാരിക രംഗങ്ങള്‍ പുറത്തുവന്നു.

കൂനൂരില്‍ വെച്ചുണ്ടായ ഹെലികോപ്ടര്‍ ദുരന്തത്തിലാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടത്. വിങ് കമാന്‍ഡര്‍ ആയിരുന്ന പിഎസ് ചൗഹാനായിരുന്നു Mi-17 V5ന്റെ പൈലറ്റ്. ചൊവ്വാഴ്ച രാത്രി മകന്‍ വിളിക്കുമ്പോള്‍ കുടുംബം ഒരിക്കലും ഓര്‍ത്തില്ല അത് പൃഥ്വിയുടെ അവസാന ഫോണ്‍ കോള്‍ ആയിരിക്കുമെന്ന്. മണിക്കൂറുകള്‍ക്ക് ശേഷം പൃഥ്വിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തുകയും ചെയ്തു.

അഞ്ച് മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു ചൗഹാന്‍. സഹോദരിമാരുടെ പ്രിയപ്പെട്ട അനിയന്‍. രക്ഷാബന്ധന്‍ ഉത്സവത്തിനാണ് പൃഥ്വിയെ അവസാനമായി കണ്ടതെന്ന് സഹോദരി മിനാ സിങ് പറഞ്ഞു. ”സഹോദരിമാരെ വലിയ ഇഷ്ടമായിരുന്നു അവന്. ഞങ്ങള്‍ എന്താവശ്യപ്പെട്ടാലും അതു നല്‍കാന്‍ ശ്രമിക്കുമായിരുന്നു” സഹോദരി കണ്ണീരോടെ പറയുന്നു.

2002 ജൂണ്‍ 22-നാണ് വ്യോമസേനയില്‍ ചേര്‍ന്നത്. 2015 ജൂണ്‍ 22-ന് വിങ് കമാന്‍ഡറായി സ്ഥാനക്കയറ്റം കിട്ടി. സമര്‍ത്ഥനായ പൈലറ്റായിരുന്നു ചൗഹാന്‍. ഭാര്യയും 12ഉം 9ഉം വയസുള്ള രണ്ടു മക്കളുമാണ് ചൗഹാനുള്ളത്.

അപകടത്തില്‍ കൊല്ലപ്പെട്ട പൃഥ്വി സിങ് ചൗഹാന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ ധനസഹയവും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു.

തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ വെച്ചാണ് സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്.

Exit mobile version