‘പിതാവിന്റെ പാത പിന്തുടര്‍ന്ന് വ്യോമസേനയില്‍ ചേരും’: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച പൈലറ്റിന്റെ മകള്‍ പന്ത്രണ്ടുകാരി ആരാധ്യ

ആഗ്ര: പിതാവിന്റെ പാത പിന്തുടര്‍ന്ന് വ്യോമസേനയില്‍ ചേരുമെന്ന് സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ മകള്‍ പന്ത്രണ്ടുവയസ്സുകാരി ആരാധ്യ.

ആരാധ്യയും ഏഴു വയസ്സുകാരന്‍ സഹോദരന്‍ അവിരാജും അച്ഛന്റെ ഔദ്യോഗിക തൊപ്പിയണിഞ്ഞ് സല്ല്യൂട്ട് നല്‍കിയാണ് അച്ഛനെ യാത്രയാക്കിയത്. ആരാധ്യയും ഏഴു വയസ്സുകാരന്‍ സഹോദരന്‍ അവിരാജും ചേര്‍ന്നാണ് പിഎസ് ചൗഹാന്റെ ചിതയ്ക്ക് തീകൊളുത്തിയത്. മാര്‍ക്ക് അല്ല പഠനത്തിന്റെ മാനദണ്ഡമെന്നും പഠിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും പിതാവ് എപ്പോഴും പറയുമായിരുന്നെന്ന് ആരാധ്യ പറയുന്നു.

കൂനൂരില്‍ വെച്ചുണ്ടായ ഹെലികോപ്ടര്‍ ദുരന്തത്തിലാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടത്. വിങ് കമാന്‍ഡര്‍ ആയിരുന്ന പിഎസ് ചൗഹാനായിരുന്നു Mi-17 V5ന്റെ പൈലറ്റ്.

2002 ജൂണ്‍ 22-നാണ് എലൈറ്റ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് പൃഥ്വി സിങ് ചൗഹാന്റെ സൈനിക ജീവിതം ആരംഭിച്ചത്. 2015-ല്‍ വിങ് കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ചു.

കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു. ബുധനാഴ്ച, സുലൂര്‍ എയര്‍ബേസില്‍ നിന്ന് വെല്ലിങ്ടണിലേക്ക് പറന്നുയര്‍ന്ന മി17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു അദ്ദേഹം.

Exit mobile version