ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും: മൂന്നാം ഡോസ് വാക്‌സിനേഷന് നിര്‍ദേശിച്ച് വിദഗ്ധ സമിതി

തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. മൂന്നാം ഡോസ് വാക്‌സിനേഷന് ആലോചന തുടങ്ങണമെന്നും വിദഗ്ധ സമിതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

രോഗ സാദ്ധ്യത കൂടുതലുള്ള 60 വയസിന് മുകളിലുള്ളവര്‍, അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു.

ഒമിക്രോണ്‍ അതിവേഗം പടരുന്നതായാണ് ലോകാരോഗ്യ സംഘടനയും ആദ്യം ഈ വകഭേദം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്. മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഓഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Read Also: ലക്ഷ്മി പെണ്‍കരുത്തിന്റെ മികച്ച മാതൃക! അപമര്യാദയായി പെരുമാറിയ യുവാവിനെ കീഴ്‌പ്പെടുത്തിയ വിദ്യാര്‍ത്ഥിനി, നേരിട്ട് അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

ഡെല്‍റ്റ ബാധിച്ചതിന്റെ അഞ്ചിരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ ബാധിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ ബാധയുള്ള ഒരാള്‍ക്ക് ശരാശരി ഇരുപതോ മുപ്പതോ ആളുകളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയുമത്രേ. ജനിതക ശ്രേണീകരണത്തിനായി എല്ലാ ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്.

മൂന്നാം ഡോസ് വാക്‌സിനേഷന്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിധ്യമുളള സമിതികളില്‍ വിഷയം സംസാരിച്ച് തുടങ്ങണമെന്നും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു.

ദക്ഷിണാഫ്രിക്ക ഒമിക്രോണ്‍ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് ഒരാഴ്ച മുന്‍പാണ്. എന്നാല്‍ നവംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലെ ഗൗടെങില്‍ ഇതേ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 24 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടരുകയാണ്. സൗദി അറേബ്യ, നോര്‍വേ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 56 രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ നടപടികള്‍ കടുപ്പിക്കുകയാണ്.

Exit mobile version