ഒമിക്രോണിനേക്കാള്‍ അപകടകാരി ‘ഓ മിത്രോം’ ആണെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്വിറ്ററിലൂടെ പരിഹസിച്ച് ശശി തരൂര്‍ എംപി. ഒമിക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോം ആണെന്നും ഇതിന്റെ തീവ്രത കുറഞ്ഞ വകഭേദം വേറെയില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

“ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് ‘ഓ മിത്രോം’. ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കല്‍, ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയിലെല്ലാം ഈ വാക്കിന്റെ അനന്തര ഫലങ്ങള്‍ നമ്മള്‍ അളക്കുകയാണ്. ഈ വൈറസിന് തീവ്രത കുറഞ്ഞ വകഭേദങ്ങളില്ല.” തരൂര്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന പ്രയോഗമാണ് മിത്രോം.

തരൂരിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് കോവിഡ് മഹാമാരിയേക്കാള്‍ വലുത് രാഷ്ട്രീയം ആണെന്ന് അദ്ദേഹം ആരോപിച്ചു.

“ആദ്യം കോവിഡ് വാക്‌സീനെതിരെ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നു ഒമിക്രോണ്‍ അപകടകാരിയല്ലെന്ന്. മഹാമാരിയുടെ തുടക്കത്തില്‍ കോവിഡിനേക്കാള്‍ ഭീകരമാണ് സിഎഎ എന്നായിരുന്നു അഖിലേഷിന്റെ പ്രസ്താവന. കോണ്‍ഗ്രസിന് ഇനിയെങ്കിലും രാഷ്ട്രീയത്തേക്കാള്‍ പ്രാധാന്യം മഹാമാരിക്ക് കൊടുക്കാമോ ? ഇതൊക്കെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തികളാണ്.” അദ്ദേഹം ട്വീറ്റ് ചെയ്തു.

Exit mobile version