ലക്ഷ്മി പെണ്‍കരുത്തിന്റെ മികച്ച മാതൃക! അപമര്യാദയായി പെരുമാറിയ യുവാവിനെ കീഴ്‌പ്പെടുത്തിയ വിദ്യാര്‍ത്ഥിനി, നേരിട്ട് അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ശാരീരികമായി നേരിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മി സജിത്ത് പെണ്‍കരുത്തിന്റെ മികച്ച മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ലക്ഷ്മി സജിത്തിനെ വീഡിയോ കോള്‍ വിളിച്ച് മന്ത്രി അഭിനന്ദിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മാര്‍ഷ്യല്‍ ആര്‍ട്‌സ് പെണ്‍കുട്ടികള്‍ പഠിക്കുന്നത് നല്ലതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

‘ലക്ഷ്മിയെ വീഡിയോ കോളില്‍ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാര്‍വ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിന്‍സിപ്പല്‍ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോള്‍ റഹ്‌മാനിയ സ്‌കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചെന്നും’ മന്ത്രി കുറിച്ചു.

Read Also:സര്‍ക്കാര്‍ ചിറകുകളേകി, അവര്‍ അഞ്ച് പേരും പറന്നുയര്‍ന്നു; സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതിന് നന്ദിയറിയിച്ച് വൈമാനികരായെത്തി

നഗരത്തിലെ റഹ്‌മാനിയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി സജിത്ത്. കൂട്ടുകാരികളോടൊപ്പം രാവിലെ സ്‌കൂളിലേക്ക് പോവുന്ന വഴി ബിജു എന്ന യുവാവ് ലക്ഷ്മിയുടെ ദേഹത്ത് തട്ടി. തിരിഞ്ഞ് നോക്കിയപ്പോള്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെയും കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നു.

ലക്ഷ്മി പിന്നിലൂടെ ചെന്ന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് നിര്‍ത്തി. കരാട്ടെയറിയാവുന്ന ലക്ഷ്മി ആക്രമിയുടെ കൈയ്യും കഴുത്തും ചേര്‍ത്ത് പിടിച്ച് ബഹളം വെച്ചു. ഇതോടെ ആളുകള്‍ ഓടിക്കൂടി. പോലീസും സ്ഥലത്തെത്തി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ വളയം ഭൂമി വാതുക്കല്‍ കളത്തില്‍ ബിജുവാണ് പോലീസ് പിടിയിലായത്.

ദേശപോഷിണി സ്പോര്‍ട്സ് അക്കാദമിയിലാണ് ലക്ഷ്മി കരാട്ടെ പഠിക്കുന്നത്. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥയായ നിമ്നയുടെയും മകളാണ് ലക്ഷ്മി.

Exit mobile version