സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് മാന്യത ഇല്ലാതെ എന്തും പറയാമെന്ന നില പാടില്ല: ‘യൂട്യൂബര്‍ തൊപ്പി’ വിവാദത്തില്‍ മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. തൊപ്പിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാര്‍ഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബില്‍ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. പോലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇന്നലെ എസ് ഐയുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ എത്തിയാണ് കണ്ണപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് അറസ്റ്റ്.

എന്നാല്‍ നിഹാദിന്റെ മുറിയില്‍ നിന്നും വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും മറ്റു തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് സൂചന. ഇവ കോടതിയില്‍ സമര്‍പ്പിച്ചു. കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കും. തൊപ്പി എന്ന പേരിലുള്ള നിഹാദിന്റെ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

വളാഞ്ചേരി സ്റ്റേഷനില്‍ വച്ച് പോലീസ് വിശദമായി ഇവ പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റു വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ ഉപകരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന കര്‍ശന നിബന്ധനയോടെയാണ് തൊപ്പിയെന്ന നിഹാദിനെ ഇന്നലെ വൈകീട്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനില്‍ ഹാജരാകണം. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളുടെ യൂ ട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പോലീസ് നടപടികളെടുക്കും. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

Exit mobile version