ജമ്മുവില്‍ പ്രതിഷേധം ശക്തം : സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്തു

ശ്രീഗര്‍ : ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംസ്‌കരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ പ്രതിഷേധം ശക്തമായതോടെ പോലീസ് പുറത്തെടുത്തു. ഏറ്റുമുട്ടലിനെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അന്തിമ ശുശ്രൂഷ രാത്രിയില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് ഖുര്‍ഷിദ് അഹമ്മദ് ഷാ സംഭവത്തെക്കുറിച്ച് അന്വേഷിക്കും. തിങ്കളാഴ്ചയാണ് ശ്രീനഗറിലെ ഹൈദര്‍പോറയില്‍ വാണിജ്യസമുച്ചയത്തില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനില്‍ മുഹമ്മദ് അല്‍ത്താഫ് ഭട്ട്, ഡെന്റല്‍ സര്‍ജനായ മുദാസിര്‍ ഗുല്‍ എന്നിവര്‍ വെടിയേറ്റ് മരിച്ചത്.

രക്ഷാസേന ഇവരെ വെടിവെച്ച് കൊന്നതാണെന്നും മൃതദേഹങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു.ഭീകരരുടെ വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് പോലീസ് ആദ്യം പറഞ്ഞത്.ഭീകരരും പോലീസും തമ്മിലുള്ള വെടിവെയ്പിനിടെ ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് പിന്നീട് പറഞ്ഞു. അല്‍ത്താഫ് ഭട്ട് ഭീകരരെ സഹായിച്ചിരുന്നയാളാണെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീടിത് തിരുത്തി. ഇതോടെ കടുത്ത വിമര്‍ശനങ്ങളുമായി പ്രമുഖ നേതാക്കളടക്കം രംഗത്തെത്തി.

കശ്മീര്‍ ഏത് നിലയിലെത്തിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കായിരിക്കുകയാണെന്നും ഇത്തരത്തില്‍ നീതി നടപ്പാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version