അയ്യായിരത്തോളം നവജാതശിശുക്കളെ ഏറ്റുവാങ്ങി; സ്വന്തം പ്രസവത്തിനിടെ നഴ്‌സിന് ദാരുണാന്ത്യം

മുംബൈ: അയ്യായിരത്തോളം പ്രസവമെടുത്ത ലേബര്‍ റൂം നഴ്‌സിന് സ്വന്തം പ്രസവത്തിനിടെ ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിനിയായ നഴ്സ് ജ്യോതി ഗാവ്‌ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്.

ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്‌ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്‌സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്.

നവംബര്‍ രണ്ടാം തീയതിയാണ് ജ്യോതി, താന്‍ ജോലി ചെയ്തിരുന്ന ഹിംഗോളി സിവില്‍ ആശുപത്രിയില്‍ വെച്ച് തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് ബാധിച്ച ബൈലാറ്ററല്‍ ന്യൂമോണിയയാണ് ജ്യോതിയുടെ ജീവനെടുത്തത്.

ന്യൂമോണിയ തീവ്രമായതോടെ ജ്യോതിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി നന്ദേഡിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു എങ്കിലും അവര്‍ മരണത്തെ അതിജീവിച്ചില്ല. കുഞ്ഞ് ആരോഗ്യവാനായിരുന്നു, പക്ഷേ ജ്യോതിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു.

പ്രസവശേഷം രക്തസ്രാവം തടയാനാകാതെ വന്നപ്പോഴാണ് ജ്യോതിയെ നാന്ദേഡ് ആശുപത്രിയിലേക്ക് മാറ്റിയത്. നാന്ദേഡ് ആശുപത്രിയിലെ ചികിത്സയ്ക്കും ജ്യോതിയുടെ നില മെച്ചപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ശ്വസിക്കുന്നതിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നതോടെ മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ ഔറംഗബാദ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ അവരെ ഔറംഗബാദ് ആശുപത്രിയിലെത്തിക്കാനായില്ല.

അവരുടെ നില കൂടുതല്‍ ഗുരുതരമായതോടെ മെച്ചപ്പെട്ട ചികിത്സയ്ക്കായി നാന്ദേഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജ്യോതിയെ പ്രവേശിപ്പിക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ അവരുടെ ആരോഗ്യ നിലയില്‍ കുറച്ച് പുരോഗതി ഉണ്ടായെങ്കിലും, അവര്‍ക്ക് വീണ്ടും ശ്വാസതടസ്സം ഉണ്ടായതോടെ അവസ്ഥ വീണ്ടും വഷളാകുകയായിരുന്നു. ഞായറാഴ്ച രാവിലെ അവര്‍ക്ക് വീണ്ടും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് നാന്ദേഡിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ജ്യോതി മരണപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ജ്യോതി. നേരത്തെ ഗോരേഗാവിലെ ആശുപത്രിയില്‍ നഴ്‌സായി അവര്‍ സേവനമനുഷ്ഠിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ നഴ്‌സായി 5000ത്തോളം ഗര്‍ഭിണികളുടെ പ്രസവത്തില്‍ അവര്‍ സഹായിച്ചു.

Exit mobile version