മരണാനന്തര ചടങ്ങിന് കരുതിയ പണം കള്ളന്മാര്‍ കവര്‍ന്നു: 90 കാരന് ഒരുലക്ഷം രൂപ നല്‍കി ഐപിഎസ് ഓഫീസര്‍

ശ്രീനഗര്‍: സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്ന 90 കാരനായ തെരുവുകച്ചവടക്കാരന് സഹായവുമായി ഐപിഎസ് ഓഫീസര്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലെ കടല വില്‍പനക്കാരനായ അബ്ദുള്‍ റഹ്‌മാനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി ഒരുലക്ഷം രൂപ സഹായമായി നല്‍കിയത്.

ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് അബ്ദുള്‍ റഹ്‌മാന്‍. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി അബ്ദുള്‍ റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാര്‍ കവര്‍ന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ചയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും ഒരുലക്ഷം രൂപ കവരുകയുമായിരുന്നു. നഷ്ടപ്പെട്ടാലോ എന്നു ഭയന്ന് അബ്ദുള്‍ റഹ്‌മാന്‍ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

അബ്ദുള്‍ റഹ്‌മാനുണ്ടായ ദുരനുഭവം അറിഞ്ഞതോടെ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കയ്യില്‍ നിന്ന് ഒരുലക്ഷം രൂപ അബ്ദുള്‍ റഹ്‌മാന് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ സന്ദീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

അതേസമയം മോഷണത്തില്‍ കേസ് രജിസ്റ്റര്‍ ചെയത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്എസ്പി ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നുമുണ്ട്.

Exit mobile version