കാമുകന്റെ കടം തീര്‍ക്കാന്‍; അച്ഛന്‍ മരിച്ച ശേഷം, അമ്മ ഉപേക്ഷിച്ചപ്പോള്‍ പൊന്നുപോലെ നോക്കിയ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും കവര്‍ന്നു ചെറുമകള്‍, അറസ്റ്റ്

പുളിപ്പറമ്പില്‍ ഭാസ്‌കരന്റെ ഭാര്യ ലീല (72) അറിയാതെയാണ് സൗപര്‍ണിക പണവും സ്വര്‍ണാഭരണങ്ങളും രണ്ട് തവണയായി തട്ടിയെടുത്തത്.

theft

ചേര്‍പ്പ്: കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷവും കവര്‍ന്ന ചെറുമകളും കാമുകനും പിടിയില്‍. പള്ളിപ്പുറം പുളിപ്പറമ്പില്‍ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് തലോണ്ട വീട്ടില്‍ അഭിജിത് (21), എന്നിവരെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പുളിപ്പറമ്പില്‍ ഭാസ്‌കരന്റെ ഭാര്യ ലീല (72) അറിയാതെയാണ് സൗപര്‍ണിക പണവും സ്വര്‍ണാഭരണങ്ങളും രണ്ട് തവണയായി തട്ടിയെടുത്തത്. ലീലയുടെ മൂത്തമകന്‍ സുരേഷിന്റെ മകളാണ് സൗപര്‍ണിക. സുരേഷിന്റെ മരണശേഷം മാതാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് അമ്മൂമ്മയാണ് ചെറുമകളെ വളര്‍ത്തിയത്.

also read: ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു…! വിവാഹത്തിന് ഇന്ത്യന്‍ ആര്‍മിയെ ക്ഷണിച്ച് മലയാളികളായ വരനും വധുവും; സേനയുടെ മറുപടിക്കത്ത് വൈറല്‍

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായിരുന്ന ലീലയുടെ ഭര്‍ത്താവ് ഭാസ്‌കരന്റെ മരണശേഷം കുടുംബപെന്‍ഷന്‍ സ്വകാര്യബാങ്കിലെത്തുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് ബിബിഎക്കാരിയായ സൗപര്‍ണികയാണ്.

കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കില്‍ നിന്നാണ് പണം തട്ടിയെടുത്തത്. കൂടാതെ പണത്തോടൊപ്പം ലോക്കറിലും വീട്ടിലുമായുണ്ടായിരുന്ന സ്വര്‍ണ്ണവും സൗപര്‍ണ്ണിക തട്ടിയെടുത്ത് കാമുകന് നല്‍കുകയും പകരം റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ വയ്ക്കുകയും ചെയ്തു. തട്ടിയെടുത്ത സ്വര്‍ണ്ണം സൗപര്‍ണിക അഭിജിത്തിന്റെ സാമ്പത്തികബാദ്ധ്യത തീര്‍ക്കാനും വീട് പണി നടത്താനുമായി കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തില്‍ പണയം വച്ചു.

ലീല തൃശൂരിലെ ജുവലറിയില്‍ പോയി പുതിയ കമ്മല്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ഇളയമകള്‍ ഷീബയോട് വിവരം പറഞ്ഞു. മറ്റുസ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ അതും മുക്കുപണ്ഡമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇരുവരുടേതും.

Exit mobile version