എന്നോട് ക്ഷമിക്കണം! ദൈവമുണ്ടെന്ന് മനസിലായി, ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും: പണം എടുത്ത് പഴ്‌സ് തിരിച്ചു നല്‍കി കള്ളന്റെ ‘വിശാലമനസ്സ്’

കോഴിക്കോട്: ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ പൂജാരിയുടെ പഴ്‌സ് നഷ്ടമായി. പഴ്‌സ് നഷ്ടമായത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ വിശാലമനസ്‌കതയുള്ള കള്ളന്‍ പണമെടുത്തിട്ട് ഹൃദ്യമായ കുറിപ്പ് വച്ച് പഴ്‌സ് കിട്ടിയ സ്ഥലത്ത് തന്നെ ഉപേക്ഷിച്ചു പോയി.

മാവൂര്‍ സ്വദേശിയായ അതുല്‍ദേവിന്റെ പഴ്‌സാണ് നഷ്ടമായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ അതുലിന്റെ പഴ്‌സ് കളഞ്ഞു പോയി. രണ്ടായിരം രൂപയ്ക്ക് പുറമെ എടിഎം കാര്‍ഡടക്കമുള്ള രേഖകള്‍ അതിലുണ്ടായിരുന്നു.

‘ഇന്നത്തെ നഷ്ടം.. നാളത്തെ ലാഭം. ഇത് ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും. അതെന്റ വാക്ക് …ചതിക്കില്ല ..ഉറപ്പ്.. ഈശ്വരന്‍ നിങ്ങളെ രക്ഷിക്കും’, എന്നായിരുന്നു പഴ്‌സിനൊപ്പമുള്ള കള്ളന്റെ കുറിപ്പ്.

വന്ന വഴിയെല്ലാം തിരഞ്ഞുവെങ്കിലും പഴ്‌സ് കണ്ടുകിട്ടിയില്ല. ഇതോടെ പഴ്‌സ് നഷ്ടപ്പെട്ടെന്നും കണ്ടുകിട്ടുന്നവര്‍ തിരികെ നല്‍കണമെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് നഷ്ടപ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്നും നാട്ടുകാരിലൊരാള്‍ക്ക് പഴ്‌സ് ലഭിച്ചു.

പണമൊഴികെ മറ്റെല്ലാം തിരികെ കിട്ടിയ സ്ഥിതിക്ക് അതുല്‍ മറ്റൊന്നും അന്വേഷിക്കാന്‍ പോയില്ല. അജ്ഞാതനെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അതുലും പറയുന്നത്.

Exit mobile version