ബസ് യാത്രക്കിടെ പണം മോഷ്ടിച്ചു: ഓട്ടോറിക്ഷയില്‍ പിന്നാലെ പോയി മോഷ്ടാക്കളെ സിനിമാസ്‌റ്റൈലില്‍ പിടികൂടി വീട്ടമ്മ

കോട്ടയം: ബസ് യാത്രക്കിടെ പഴ്‌സില്‍ നിന്നും പണം മോഷ്ട്ടിച്ചവരെ സിനിമാ സ്‌റ്റൈലില്‍ പിടികൂടി വീട്ടമ്മ. ഓട്ടോറിക്ഷയില്‍ പിന്നാലെ പോയി ബസ് തടഞ്ഞു നിര്‍ത്തിയാണ് മോഷ്ടാക്കളായ നാടോടി സ്ത്രീകളെ പിടികൂടിയത്.

കോട്ടയം തിരുവാര്‍പ്പില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. തിരുവാര്‍പ്പ് പുള്ളാശേരി സ്വദേശിനി അശ്വിനിയുടെ ബാഗില്‍ നിന്നുമാണ് ബസ് യാത്രക്കിടയില്‍ 2400 രൂപ മോഷണം പോയത്. കോട്ടയത്ത് നിന്ന് കുമരകത്തേക്ക് പോകുന്ന ബസിലാണ് സംഭവം.

ചാലുകുന്നില്‍ നിന്ന് ബസില്‍ കയറിയ അശ്വിനി ഇല്ലിക്കല്‍ കവലയില്‍ ഇറങ്ങി. കടയില്‍ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാന്‍ പഴ്‌സ് നോക്കിയപ്പോഴാണ് പണം അപഹരിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

ബസ് യാത്രക്കിടെ മാസ്‌ക് ധരിച്ച രണ്ടു സ്ത്രീകളെ അശ്വിനി ശ്രദ്ധിച്ചിരുന്നു. ഇവരാകാം മോഷണം നടത്തിയത് എന്ന നിഗമനത്തില്‍ ഓട്ടോറിക്ഷ വിളിച്ച് ബസിന് പിന്നാലെ പോവുകയായിരുന്നു. ബസ് മരുതന കലുങ്കിന് സമീപം എത്തിയപ്പോള്‍ തടഞ്ഞു.

തുടര്‍ന്ന് അശ്വിനി സംശയമുണ്ടായിരുന്ന രണ്ടു സ്ത്രീകളെ പരിശോധിച്ചു. ഈ സമയം കൈവശമുണ്ടായിരുന്ന പണം ഇവര്‍ ബസിലിട്ടു. ഇതോടെ പ്രതികള്‍ പിടിയിലായി. സ്ഥലത്തെത്തിയ കുമരകം പോലീസ് രണ്ടു സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശിനികളായ ദേവസേന, നന്ദിനി എന്നിവരാണ് പിടിയിലായത്.

ഇതേ ബസില്‍ നിന്നും മറ്റൊരു പഴ്‌സ് കൂടി പോലീസിന് ലഭിച്ചു. ഇതും ഇവര്‍ തന്നെ മറ്റെവിടെനിന്നെങ്കിലും മോഷ്ടിച്ചതാകാം എന്നാണ് നിഗമനം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Exit mobile version