അയോധ്യയെ സൗജന്യ തീര്‍ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തും; രാമക്ഷേത്രം സന്ദര്‍ശിച്ച് അരവിന്ദ് കെജരിവാള്‍

ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയ കെജ്രിവാള്‍ ഇന്നാണ് ക്ഷേത്രത്തിലെത്തിയത്.

രാംലല്ലയ്ക്ക് മുമ്പില്‍ തൊഴാനായാത് മഹാ ഭാഗ്യമാണെന്ന് കെജരിവാള്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇതിന് അവസരം ലഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അയോധ്യയിലേക്ക് കൂടുതല്‍ പേര്‍ക്ക് എത്താന്‍ സൗകര്യമൊരുക്കും.

ഡല്‍ഹി സര്‍ക്കാരിന് സൗജന്യ തീര്‍ഥാടന പദ്ധതിയുണ്ട്. ഈ പദ്ധതിയില്‍ അയോധ്യയെ കൂടി ഉള്‍പ്പെടുത്തുമെന്നും കെജരിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ ചീഫ് മിനിസ്റ്റേഴ്സ് തീര്‍ഥ യാത്ര യോജന എന്ന പദ്ധതിയുണ്ട്. രാജ്യത്തെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണിത്. വൈഷ്ണോ ദേവി, രാമേശ്വരം, ദ്വാരക പുരി, ഹരിദ്വാര്‍, ഋഷികേഷ്, മഥുര, വൃന്ദാവന്‍ തുടങ്ങി നിരവധി തീര്‍ഥാടന കേന്ദ്രങ്ങളാണ് ഇതിന് കീഴിലുള്ളത്.

ഈ പദ്ധതിയില്‍ അയോധ്യയും ഉള്‍പ്പെടുത്തുമെന്നും കെജരിവാള്‍ പറഞ്ഞു. രാജ്യത്തെ പൗരന്‍മാര്‍ സന്തോഷത്തോടെ ജീവിക്കുന്നതിന് അനുഗ്രഹമുണ്ടാകണമെന്ന് പ്രാര്‍ഥിച്ചുവെന്ന് കെജരിവാള്‍ പറഞ്ഞു. കൊറോണ വ്യാധി വേഗം ഇല്ലാതാകാനും വരും നാളുകളില്‍ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാനും പ്രാര്‍ഥിച്ചു. ഡല്‍ഹിയിലുള്ളവര്‍ക്ക് രാമജന്മഭൂമിയും ഇനി സന്ദര്‍ശിക്കാം. എസി ട്രെയിനിലാകും യാത്ര. എസി ഹോട്ടലില്‍ താമസ സൗകര്യവും ഒരുക്കും. എല്ലാ ചെലവും ഡല്‍ഹി സര്‍ക്കാരാണ് വഹിക്കുക എന്നും കെജരിവാള്‍ വിശദീകരിച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് ഈ പദ്ധതി. ഓരോ വര്‍ഷവും 77000 തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം പദ്ധതി വഴി ഒരുക്കുന്നുണ്ട്. ഡല്‍ഹിയില്‍ താമസക്കാരായ 60 വയസിന് മുകളിലുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഞാന്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കെജരിവാള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ എത്ര തുക നല്‍കി എന്നത് രഹസ്യമാക്കി സൂക്ഷിക്കുന്നുവെന്നും കെജരിവാള്‍ പറഞ്ഞു.

Exit mobile version