കര്‍ണാടയില്‍ മന്ത്രിസഭാ പുനസംഘടന; എട്ടു കോണ്‍ഗ്രസ് എംഎല്‍മാര്‍ക്ക് മന്ത്രിസ്ഥാനം

ഇവര്‍ ശനിയാഴ്ച വൈകിട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബംഗളുരു: കര്‍ണാടക കാബിനറ്റ് പുനസംഘടിപ്പിച്ചു. എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഇവര്‍ ശനിയാഴ്ച വൈകിട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായി ബാല സത്യവാചകം ചെല്ലിക്കൊടുത്തു.

സതിഷ് ജാര്‍ഖിഹോളി, റഹിം ഖാന്‍, ശിവള്ളി, എംടിബി നാഗരാജ്, തുക്കാറാം, എം.ബി.പാട്ടീല്‍, പരമമേശ്വര്‍ നായിക്, ആര്‍ബിതിമ്മപുര്‍ എന്നിവരെയാണ് കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്. രണ്ടു മന്ത്രിമാരെ കുമാരസ്വാമി കാബിനറ്റില്‍നിന്ന് ഒഴിവാക്കി. മുനിസിപ്പല്‍ ഭരണകാര്യ മന്ത്രി രമേഷ് ജാര്‍ഖിഹോളി, വനംമന്ത്രി ആര്‍.ശങ്കര്‍ എന്നിവര്‍ക്കാണു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ഇതില്‍ ശങ്കര്‍ ബിജെപിയിലേക്കു ചേക്കേറുമെന്നു സൂചന നല്‍കിക്കഴിഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എ രാമഗിംഗ റെഡ്ഡിയുടെ അനുയായികള്‍ രാജ്ഭവനു സമീപം പ്രതിഷേധ പ്രകടനം നടത്തി. റെഡ്ഡിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര, ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് റെഡ്ഡിയായിരുന്നു.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട എംഎല്‍എമാരുടെ പട്ടിക മുഖ്യമന്ത്രി കുമാരസ്വാമിക്കു കൈമാറിയത്. 34 അംഗ കാബിനറ്റില്‍ 22 പേര്‍ കോണ്‍ഗ്രസില്‍നിന്നാകണമെന്നു മുന്പു തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചത്.

Exit mobile version