അമ്മയെ കാണാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടി; വൈറലായി വീഡിയോ

പരിക്കൊക്കെ മാറി സുഖമായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ അമ്മയാനയുടെ അടുത്തേക്ക് തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. തമിഴ്‌നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമാണ് ഈ ആനക്കുട്ടി സന്തോഷത്തോടെ പോകുന്നത്. കാട്ടിനുള്ളിലേക്ക് ഉദ്യോഗസ്ഥരോടൊപ്പം വേഗത്തിൽ നടക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥ സുധാ രാമനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഏതാനും ദിവസം മുൻപ് ആനക്കുട്ടിയെ ഒറ്റപ്പെട്ട് പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിയെ രക്ഷപെടുത്തുകയും കൃത്യമായ പരിചരണം നൽകുകയും ചെയ്തു. പരിക്കുകളെല്ലാം ഭേദമായി ആരോഗ്യം വീണ്ടെടുത്തതോടെ ആനക്കുട്ടിയെ അതിന്റെ അമ്മയുടെ അടുത്ത് എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നു.

‘തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇസഡ് പ്ലസ് സുരക്ഷയുടെ അകമ്പടിയോടെ അമ്മയെ വീണ്ടും കണ്ടുമുട്ടുന്നതിനാണ് ആനക്കുട്ടിയുടെ സന്തോഷത്തോടെയുള്ള ഈ യാത്ര. ഇതിനെ നേരത്തെ ഒറ്റപ്പെട്ട നിലയിൽ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ആനക്കുട്ടിയെ രക്ഷപെടുത്തി ചികിത്സ നൽകിയതിന് ശേഷം അതിന്റെ അമ്മയെ കണ്ടെത്തി നൽകാൻ അകമ്പടി പോവുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ’ സുധാ രാമന്റെ ട്വീറ്റിൽ പറയുന്നു.

Exit mobile version