ലഖിംപൂര്‍ ഖേരി സംഭവം: ഇരകളുടെ കുടുംബത്തിന് 45 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും, കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കുറ്റം

വാരണാസി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഇരകളായ നാലു കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം നല്‍കുമെന്നും ഉത്തര്‍പ്രദേശ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എ.ഡി.ജി-ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ അറിയിച്ചു. സംഭവം റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കും.

സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കും 14 പേര്‍ക്കുമെതിരെ യുപി പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയതിനെ തുടര്‍ന്ന് നാലു കര്‍ഷകരടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടിക്കായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധത്തിനിടയില്‍ വന്‍ തോതില്‍ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു.

Exit mobile version