‘ഭാവിയില്‍ കുറ്റകൃത്യം ചെയ്യാന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ അറസ്റ്റ് ചെയ്തത്, കൊലപാതക കുറ്റം ചുമത്തിയ മന്ത്രി പുത്രനെ തൊടുന്നില്ല’: പ്രിയങ്ക ഗാന്ധി

വാരണാസി: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്തെ ജനാധിപത്യവും നിയമ വ്യവസ്ഥയും തകര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര.

ലഖിംപൂരില്‍ പ്രതിഷേധ മാര്‍ച്ചിനിടെ വാഹനം ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ നേരത്തെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പോലീസ് കസ്റ്റഡിയില്‍ നിന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍, കൊലപാതക കുറ്റം ചുമത്തിയ മന്ത്രിയുടെ മകനെ എന്തുകൊണ്ട് ചെയ്യുന്നില്ല. എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ‘ജനാധിപത്യ, നിയമ വ്യവസ്ഥയുടെ പൂര്‍ണ്ണമായ തകര്‍ച്ച’യാണ് കാണാന്‍ കഴിയുന്നത്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ മണിക്കൂറുകളായി കണ്ടുവരുന്നത്.

കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി സ്വാമി പ്രസാദ് മൗര്യയും ലഖിംപൂര്‍ ഖേരി സന്ദര്‍ശിച്ചതിനെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ച് മിശ്രയുടെ അഭിപ്രായത്തില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകര്‍ സംഘടിച്ചത്. കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് സമരക്കാര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകരുടെ ആരോപണം.

സെക്ഷന്‍ 151 പ്രകാരം ഭാവിയില്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ അറസ്റ്റ് ചെയ്തത്. പോലീസ് ആദ്യം 144 വകുപ്പ് (വലിയ ഒത്തുചേരലുകള്‍ക്ക് നിരോധനം) ലംഘിക്കുകയാണെന്ന് പറഞ്ഞു. ‘ഞങ്ങള്‍ നാല് ആളുകളല്ലെന്ന് അവരോട് പറഞ്ഞപ്പോള്‍, അവര്‍ സെക്ഷന്‍ 151 പറഞ്ഞു. പോലീസ് തന്നെ കയ്യേറ്റം ചെയ്തു. യുപി പോലീസ് ആരോപണ വിധേയയനായ മന്ത്രി പുത്രനെ തൊടുന്നില്ല. എന്നാല്‍ അതിക്രമത്തിന് ഇരയായ കര്‍ഷകരെ സന്ദര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ തടയാന്‍ മുതിരുകയാണ്, എന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പോലീസ് കസ്റ്റഡിയിലെടുത്ത താന്‍ സീതാപൂരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കഴിയുകയാണെന്നും പ്രത്യേക അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. വന്‍ പോലീസ് സന്നാഹത്തെയായിരുന്നു പ്രിയങ്കയെയും സംഘത്തെയും തടയാന്‍ വിന്യസിച്ചത്. പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പോലീസുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക പിന്‍മാറാന്‍ തയ്യാറായില്ല. വാറണ്ട് ഇല്ലാതെ എന്നെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്.

Exit mobile version