ഡല്‍ഹിയില്‍ എയര്‍ ഇന്ത്യയുടെ പഴയ വിമാനം നടപ്പാലത്തിനടിയില്‍ കുടുങ്ങി

ന്യൂഡല്‍ഹി : വിമാനം സാധാരണ ആകാശത്തോ വിമാനത്താവളത്തിനുള്ളിലോ ഒക്കെയാണ് കാണാറ്. എന്നാല്‍ എയര്‍ ഇന്ത്യയുടെ ഒരു വിമാനം ഈ പതിവ് തെറ്റിച്ചു. നടുറോഡില്‍ നടപ്പാലത്തിനടിയില്‍ എയര്‍ ഇന്ത്യയുടെ ഒരു വിമാനം കുടുങ്ങി. മുന്നോട്ട് പോവാനാവാതെ വിമാനം കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പുതിയ കാഴ്ച.

കമ്പനി വിറ്റ പഴയ വിമാനമാണ് ഡല്‍ഹിയില്‍ നടപ്പാലത്തിനടിയില്‍ കുടുങ്ങിയത്. വാങ്ങിയ വ്യക്തി കൊണ്ടുപോകുന്നതിനിടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് പുറത്തുള്ള ഡല്‍ഹി-ഗുരുഗ്രാം നടപ്പാലത്തിനടിയില്‍ വിമാനം കുടുങ്ങുകയായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമാനം പഴയതാണെന്നും വിറ്റതാണെന്നും അറിയിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തി. വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത് എങ്ങനെയെന്ന് വ്യക്തമായില്ലെന്നും കമ്പനി വ്യക്തമാക്കി.

പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന്റെ മുന്‍ഭാഗം ഉള്‍പ്പടെ പാതിയോളം പാലം കടന്നിട്ടുണ്ട്. സമാനമായ സംഭവം 2019ലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version