ഗുണനിലവാരമില്ലാത്ത റോഡുകള്‍ പണിത കരാറുകാര്‍ക്കെതിരെ നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : ഗുണനിലവാരമില്ലാത്ത റോഡുകള്‍ പണിത കരാറുകാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗുലാബ് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ ഫണ്ട് ആവശ്യത്തിനുപയോഗിക്കാതെ അഴിമതി നടത്തി റോഡുകള്‍ നിലവാരം കുറച്ച് പണിയുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് റോഡുകള്‍ പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി ബജറ്റിന്റെ 50 ശതമാനം മാറ്റിവെയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു.

മുംബൈ-നാസിക് ഹൈവേയിലാണ് ഏറ്റവും കൂടുതല്‍ കുഴികള്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും ഗുണനിലവാരം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ തീരുമാനങ്ങളറിയിക്കാന്‍ സംസ്ഥാനത്തെ എല്ലാ എഞ്ചിനീയര്‍മാരുമായും യോഗം ചെരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

Exit mobile version