ബന്ധു മരിച്ചതറിഞ്ഞ് ഭർത്താവ് നാട്ടിലേക്ക് തിരിച്ചു; കൈക്കുഞ്ഞുമായി കാത്തിരുന്ന യുവതിയെ തേടിയെത്തിയത് മരണവാർത്ത; ദുരഭിമാന കൊലയെന്ന പരാതിയുമായി അമുൽ

അയനല്ലൂർ: വീണ്ടും തമിഴ്‌നാടിനെ നാണക്കേടിലാക്കി ദുരഭിമാനക്കൊല. ഇതരസമുദായത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് യുവാവിനെ ബന്ധുക്കൾ കൊലപ്പെടുത്തിയെന്നാണ് പരാതി. ഭർതൃ കുടുംബാംഗങ്ങൾക്ക് എതിരെ യുവതി തന്നെയാണ് പരാതി നൽകിയിരിക്കുന്നത്.

അന്യസമുദായത്തിൽപ്പെട്ട തന്നെ വിവാഹം ചെയ്തതിനാലാണ് ഭർത്താവിനെ വീട്ടുകാർ കൊന്നതെന്ന് അമുൽ എന്ന യുവതി നൽകിയ പരാതിയിൽ പറയുന്നു. നവജാത ശിശുവുമായാണ് തിരുവള്ളൂർ പോലീസിൽ യുവതി പരാതി നൽകാനെത്തിയത്.

ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടിയ അമുലും ഗൗതമും പിന്നീട് പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായതിനാൽ വീട്ടുകാർ ഇവരുടെ ബന്ധം എതിർത്തു. അതുകൊണ്ടു തന്നെ ഇരുവരും വിവാഹിതരായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. ഗൗതം തന്റെ കുടുംബത്തെ സന്ദർശിക്കാൻ ഇടയ്ക്ക് നാട്ടിലേക്ക് പോകുന്നതും പതിവായിരുന്നു.

രണ്ട് വർഷത്തിനു ശേഷം അമുൽ ഗർഭിണി ആയതോടെ ഇവർ അമുലിന്റെ നാടായ ആവൂരിലേക്ക് താമസം മാറ്റി. സെപ്തംബർ 17ന് ഇവർക്ക് ഒരു പെൺകുഞ്ഞും ജനിച്ചു. ഇതിനിടെ, ഒരു ബന്ധു മരിച്ചെന്ന വിവരമറിഞ്ഞ് നാട്ടിലേക്ക് പോയ ഗൗതം പിന്നീട് തിരിച്ചെത്തിയില്ല. ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് അമുലിന്റെ ബന്ധുക്കൾ ഗൗതമിനെ അന്വേഷിച്ച് ഗ്രാമത്തിൽ പോയപ്പോൾ ഗൗതമിന് ആദരാഞ്ജലി അർപ്പിച്ചുള്ള വലിയ പോസ്റ്റർ മാത്രമാണ് കാണാനായത്.

സെപ്തംബർ 17ന് രാത്രി 7 മണിക്ക് മരിച്ചതായാണ് പോസ്റ്ററിൽ പറയുന്നത്. സ്വാഭാവിക മരണമാണെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്നും ഭർത്താവിന്റെ മരണം തന്നെ അറിയിച്ചില്ലെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version