‘മിന്നല്‍ പരിശോധനയ്ക്കായി വേഷം മാറി ആശുപത്രിയിലെത്തി, സുരക്ഷാ ജീവനക്കാര്‍ ‘കൈകാര്യം ചെയ്തു’ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: മിന്നല്‍ പരിശോധനയുടെ ഭാഗമായി സാധാരണ രോഗിയുടെ വേഷത്തില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാര്‍ ‘കൈകാര്യം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. മന്ത്രിതന്നെയാണ് ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയില്‍ ആശുപത്രി ജീവനക്കാരുടെ തോന്നിവാസം വെളിപ്പെടുത്തിയത്.

ആശുപത്രിയുടെ യഥാര്‍ഥ അവസ്ഥ അറിയാന്‍ വേഷംമാറിയെത്തിയ തന്നെ ഗേറ്റില്‍ വെച്ച് സുരക്ഷാ ജീവനക്കാരന്‍ ഇടിച്ചതായും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായും മന്ത്രി പറയുന്നു. ഒട്ടേറെ രോഗികള്‍ സ്‌ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് കണ്ടെത്തി.

തന്റെ മകനുവേണ്ടി ഒരു സ്‌ട്രെച്ചര്‍ എടുക്കണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന എഴുപത്തിയഞ്ചുകാരിയെ കണ്ടു. ‘1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍പോലും അവരുടെ സഹായത്തിനെത്തിയില്ല. ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തില്‍ സംതൃപ്തനല്ല. എനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. ജീവനക്കാരനെ പുറത്താക്കിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഈ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്ന് മറുപടി നല്‍കി’ -മാണ്ഡവ്യ പറഞ്ഞു. ആശുപത്രിയും അവിടുത്തെ ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓര്‍മപ്പെടുത്തി.

Exit mobile version