രാമക്ഷേത്ര നിര്‍മ്മാണം: ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍; ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തുറക്കും

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. അടിത്തറ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ വര്‍ഷം ശിലാസ്ഥാപനം നിര്‍വ്വഹിച്ച ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

360×235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയില്‍ 132 സ്തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.

മൂന്നുനിലയായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ബലം ഉറപ്പാക്കാന്‍ 47 പാളി കോണ്‍ക്രീറ്റാണ് ഇട്ടിരിക്കുന്നതെന്ന് എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത പറഞ്ഞു. പാളികള്‍ ഓരോന്നിനും ഒരടി ഉയരമുണ്ട്. തൂണിന് 60 അടി ഉയരമുണ്ടാകുമെന്നും പ്രൊജക്ട് മാനേജര്‍ ബിനോദ് മേത്ത പറഞ്ഞു.

ശ്രീകോവിലിന് മുകളില്‍ 161 അടി ഉയരമുള്ള ഗോപുരത്തിനായി രാജസ്ഥാനില്‍ നിന്നുള്ള നാല് ലക്ഷം ക്യുബിക് അടി കല്ലും മാര്‍ബിളുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടര ഏക്കറിലാണ് ക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നത്. ക്ഷേത്ര സമുച്ചയത്തില്‍ തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, മ്യൂസിയം, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, ആചാരാനുഷ്ടാനങ്ങള്‍ക്കുള്ള സ്ഥലം, കന്നുകാലികള്‍ക്കായി പ്രത്യേകം ഷെഡ് തുടങ്ങിയവ ഉള്‍പ്പെടും. ക്ഷേത്രത്തിന് ചുറ്റും മതില്‍ നിര്‍മ്മിക്കും. വെള്ളപ്പൊക്കമുണ്ടായാല്‍ ആഘാതം ചെറുക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മ്മാണം.

Exit mobile version