ഉത്സവ സീസണും യുപി തെരഞ്ഞെടുപ്പും ലക്ഷ്യം വെച്ചു; വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിനു പദ്ധതി; ഡൽഹിയിൽ 6 ഭീകരർ പിടിയിൽ; 2 പേർ പാക് പരിശീലനം ലഭിച്ചവർ

ന്യൂഡൽഹി: രാജ്യം വലിയ ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതായി സൂചന. വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിനു പദ്ധതിയിട്ട 6 ഭീകരരെ ഡൽഹി പോലീസ് സ്‌പെഷൽ സെൽ അറസ്റ്റ് ചെയ്തു. ജാൻ മുഹമ്മദ് ഷെയ്ഖ് (സമീർ കാലിയ-47), ഒസാമ (22), മൂൾചന്ദ് (ലാല-47), സീഷാൻ കമർ (28), മുഹമ്മദ് അബൂബക്കർ (23), മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഇറ്റാലിയൻ നിർമിത തോക്കുകളും സ്‌ഫോടന വസ്തുക്കളും ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

നവരാത്രി, രാംലീല ആഘോഷങ്ങൾക്കിടെ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാനത്തു വലിയ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവും സംഘത്തിനുണ്ടായിരുന്നു.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് ഇവർക്കു സാമ്പത്തിക സഹായം നൽകിയതെന്നാണ് ഡൽഹി പോലീസ് സ്‌പെഷൽ കമ്മിഷണർ നീരജ് ഠാക്കൂർ അറിയിച്ചിരിക്കുന്നത്.

ഡൽഹി, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നായി അറസ്റ്റിലായവരിൽ 2 പേർക്കു പാകിസ്താനിൽ നിന്നും ഭീകരപരിശീലനം ലഭിച്ചിരുന്നുവെന്നാണു വെളിപ്പെടുത്തൽ. ഐഎസ്‌ഐയുടെയും അധോലോക സംഘങ്ങളുടെയും പിന്തുണ ഇവർക്കുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

സമീറിനെ രാജസ്ഥാനിൽനിന്നും ഒസാമ, സീഷാൻ എന്നിവരെ ഡൽഹിയിൽ നിന്നുമാണു പിടികൂടിയത്. ബാക്കിയുള്ളവരെ യുപിയിൽനിന്നും. അറസ്റ്റിലായവരിൽ ഒസാമ, സീഷാൻ എന്നിവർക്കു 15 ദിവസം പാകിസ്താനിൽ പരിശീലനം ലഭിച്ചിരുന്നു.

Exit mobile version