മതേതരത്വവും ലോക്‌സഭയും ഭരണഘടനയും കുറിച്ചുള്ള മേനി പറച്ചിലൊക്കെ ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്ത് മാത്രം; വിവാദ പരാമർശവുമായി ഗുജറാത്ത് ഉപമുഖ്യമന്ത്രി

അഹമ്മദാബാദ്: വീണ്ടും വിവാദ പരാമർശവുമായി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. ഭരണഘടനയെയും മതേതരത്വത്തെയും കുറിച്ചുള്ള മേനിപറച്ചിലൊക്കെ രാജ്യത്ത് ഹിന്ദുക്കൾ ഭൂരിപക്ഷമാണെങ്കിൽ മാത്രമേ നടക്കുകയുള്ളൂവെന്നാണ് പട്ടേലിന്റെ പരാമർശം. ഗാന്ധിനഗറിൽ വിഎച്ച്പിയുടെ ഭാരത് മാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് സർക്കാരിന്റെ ലൗജിഹാദ് വിരുദ്ധ നിയമത്തിനെതിരേ കോടതിയെ സമീപിച്ച മുസ്‌ലിം സംഘടനകളെ വിമർശിക്കുന്നതിനിടെയാണ് നിതിൻ പട്ടേൽ ഈ പരാമർശം നടത്തിയത്. നിയമത്തിലെ മുഖ്യവകുപ്പുകൾ ഈയിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അടുത്ത ആയിരം വർഷം കൊണ്ട് ഹിന്ദുക്കളുടെ എണ്ണം കുറയുകയും മറ്റേതെങ്കിലും മതക്കാർ കൂടുകയും ചെയ്താൽ കോടതിയും ലോക്‌സഭയും ഭരണഘടനയും മതേതരത്വവും എല്ലാം വായുവിൽ ലയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ലൗജിഹാദ് വിരുദ്ധ നിയമം കൊണ്ടുവന്നത് അത്തരം സംഭവങ്ങൾ കൂടിയതുകൊണ്ടാണ്. അത് ഏതെങ്കിലും മതത്തിന് എതിരല്ല. ഹിന്ദുക്കൾ ഹിന്ദുക്കളെയും മുസ്‌ലിങ്ങൾ മുസ്‌ലിങ്ങളെയും വിവാഹംചെയ്താൽ എന്താണ് കുഴപ്പം..? വിവാഹത്തിലൂടെ മതപരിവർത്തനം ലക്ഷ്യമിടുന്ന എല്ലാവരെയും ബാധിക്കുന്നതാണ് നിയമം. വരുമാനം, മതം എല്ലാം മറച്ചുവെച്ച് പെൺകുട്ടികളെ പറ്റിക്കുന്നവർക്കെതിരേയുള്ളതാണത്’- ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.

Exit mobile version