ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാനൊരുങ്ങി ജസ്റ്റിസ് ബിവി നാഗരത്ന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകാനൊരുങ്ങി കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ബിവി നാഗരത്ന. 2027ല്‍ ബിവി നാഗരത്ന പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്‍വി രമണ അധ്യക്ഷനായ കൊളീജിയം സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരെ നിര്‍ദേശിച്ചിരുന്നു. ഇതിലാണ് നിലവില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ബിവി നാഗരത്നയും ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്നത് ഒരുപാട് നാളുകളായുള്ള ആവശ്യമാണ്. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ തന്റെ വിരമിക്കല്‍ പ്രസംഗത്തിനിടെ ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു.

വനിതാ ജസ്ജിമാര്‍ക്കെതിരെ വിവേചനപരമായ ഒന്നും കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും മികച്ച ആള്‍ക്കാര്‍ വരാത്തതു കൊണ്ടു മാത്രമാണ് ഇതുവരെയായും ഇന്ത്യയില്‍ ഒരു വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇഎസ് വെങ്കടരാമയ്യയുടെ മകളാണ് നാഗരത്ന. ജസ്റ്റിസ് ഹിമാ കോഹി, ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരെയും സുപ്രീംകോടതിയിലേക്കു കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Exit mobile version