സുവര്‍ണ്ണ നേട്ടത്തിന് സമ്മാനം എക്സ്‌യുവി 700: ഏറ്റവും പുതിയ വാഹനം നീരജ് ചോപ്രയ്‌ക്കെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈ: ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവ്ലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര.

ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സുവര്‍ണ താരത്തിന് വാഹനം സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി.

നീരജ് ചോപ്രയ്ക്ക് മഹീന്ദ്രയുടെ പുതിയ പതിപ്പായ എക്സ്‌യുവി 700 നല്‍കണമെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടത്. നീരജ് ചോപ്രക്കായി ഒരെണ്ണം തയ്യാറാക്കി വെക്കൂവെന്ന് മഹീന്ദ്രയിലെ ഉന്നത ജീവനക്കാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശവും നല്‍കി.

എക്സ്‌യുവി 700 നിരത്തിലിറക്കുമ്പോള്‍ ആദ്യ വാഹനം തന്നെ നീരജ് ചോപ്രക്ക് നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യവും പരിഗണിക്കാമെന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നല്‍കിയിരിക്കുന്നത്.

ഒളിമ്പിക് ബാഡ്മിന്റണില്‍ പിവി സിന്ധു വെങ്കല മെഡല്‍ നേടിയപ്പോള്‍ താരത്തിന് മഹീന്ദ്രയുടെ ഓഫ് റോഡ് വാഹനമായ ഥാര്‍ സമ്മാനമായി നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സിന്ധു, ഥാര്‍ അര്‍ഹിക്കുന്നുണ്ടെന്നും നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ആനന്ദ് മഹീന്ദ്ര മറുപടി നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ റിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയപ്പോഴാണ് സിന്ധുവിന് ഥാര്‍ സമ്മാനമായി നല്‍കിയത്.

Exit mobile version