കടലാസില്‍ മാത്രം ഒതുങ്ങരുത്, യാഥാര്‍ഥ്യമാക്കണം: കോവിഡ് അനാഥരാക്കിയ എല്ലാ കുട്ടികളെയും പിഎം കെയേഴ്സില്‍ ഉള്‍പ്പെടുത്തണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്സ് (PM cares project) പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി. കോവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പോരായെന്നും കോടതി വ്യക്തമാക്കി.

സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. കോവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പദ്ധതി കടലാസില്‍ മാത്രം ഒതുങ്ങരുതെന്നും, യാഥാര്‍ഥ്യമാകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ എണ്ണം കൃത്യമായി വ്യക്തമാക്കാത്ത പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഇരുപത്തിയേഴ് കുട്ടികള്‍ മാത്രമാണ് അനാഥരായതെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വാദം വിശ്വസിക്കാന്‍ പ്രയാസമാണെന്ന് കോടതി നിരീക്ഷിച്ചു. പുതിയ സര്‍വ്വേ നടത്താനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Exit mobile version