രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

Rahul Gandhi | Bignewslive

ന്യൂഡല്‍ഹി: തെരുവില്‍ ട്രാക്ടര്‍ ഓടിച്ച് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി അടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പ്രതിഷേധത്തിനെതിരേ ബിജെപി നേതാക്കള്‍ ശക്തമായി പ്രതികരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ രന്‍ദീപ് സര്‍ജെവാലയടക്കം ഏതാനും നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു.

പ്രതിഷേധം നടത്താന്‍ ഡല്‍ഹി പോലസിന്റെ അനുമതി തേടിയില്ലെന്നാണ് നേതാക്കള്‍ക്കെതിരെ കേസ്. കൂടാതെ ഐപിസി 188 മോട്ടോര്‍ വാഹന ആക്റ്റ് അനുസരിച്ചും കൊവിഡ് പ്രോട്ടകോള്‍ ലംഘനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് ട്രാക്ടര്‍ ഓടിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പാര്‍ലമെന്റ് വരെ ട്രാക്റ്റര്‍ ഓടിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും പ്രതീകാത്മകമായിട്ടാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ ഓടിച്ചത്.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ഒറ്റയടിക്ക് റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലേയ്ക്ക് എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ എട്ട് മാസമായി പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത് വരെ ജന്തര്‍മന്ദിറില്‍ 200 പേരടങ്ങുന്ന കര്‍ഷക സംഘത്തിന്റെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version