സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല! കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു; ഇന്ന് തന്നെ സ്ഥാനമൊഴിയും; വിതുമ്പിക്കൊണ്ട് പ്രഖ്യാപനം

ബംഗളൂരു: കർണാടക ബിജെപിയിലെ പൊട്ടിത്തെറിക്കും ചർച്ചകൾക്കും ഒടുവിൽ സംസ്ഥാന മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു. വികാരാധീനനായി വിതുമ്പിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രാജിപ്രഖ്യാപനം. ബിജെപി നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് രാജിയെന്നാണ് സൂചന.

സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

‘ബിജെപിക്ക് വേണ്ടി സമ്മർപ്പിച്ച ജീവിതമാണ് തന്റേത്. സ്ഥാനമാനങ്ങൾ അല്ല, പാർട്ടിയാണ് തനിക്ക് വലുത്. വാജ്‌പേയി മുതൽ നരേന്ദ്രമോഡി വരെയുള്ളവരുടെ ആശീർവാദം ലഭിച്ച നേതാവാണ് താൻ. പാർട്ടിയിലെ മുതിർന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണ്. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല’ ആഘോഷ പരിപാടിയിൽ യെദിയൂരപ്പ പറഞ്ഞു.

ഈ മാസം ആദ്യവാരം ഡൽഹിയ്ക്ക് പോയ യെദിയൂരപ്പ, ബിജെപി പ്രസിഡന്റ് ജെപി നദ്ദയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മുതിർന്ന നേതാക്കളെയും കണ്ടിരുന്നു. പാർട്ടിക്കുള്ളിൽ യെദിയൂരപ്പയ്ക്ക് എതിരെ ശക്തമായ വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

യെദിയൂരപ്പയല്ല, പകരം മകൻ ബിവൈ വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും ഭരിക്കുന്നതെന്ന ആരോപണങ്ങൾ പരസ്യമായിത്തന്നെ പല നേതാക്കളും ഉന്നയിച്ചതോടെയാണ് പാർട്ടിയിലെ പൊട്ടിത്തെറി ശക്തമായത്. അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മറികടന്നും, ഈ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടത്.

Exit mobile version