കൊവിഡ് വ്യാപനം കുറഞ്ഞു; സ്‌കൂളുകള്‍ തുറന്ന് മധ്യപ്രദേശ്

ന്യൂഡല്‍ഹി:സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ തുറന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്നുമുതല്‍ സ്‌കൂളില്‍ എത്തിതുടങ്ങാം. 50 ശതമാനം ഹാജര്‍ നിലയാണ് അനുവദിച്ചിരിക്കുന്നത്.

11, 12 ക്ലാസ് കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം സ്‌കൂളിലെത്താന്‍ അനുവാദമുണ്ട്. 11-ാം ക്ലാസിലെ കുട്ടികള്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ലാസ് അനുവദിച്ചിരിക്കുന്നത്. 12-ാം ക്ലാസുകാര്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സ്‌കൂളിലെത്താം.

9 , 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തി പഠിക്കാം. 9-ാം ക്ലാസുകാര്‍ക്ക് ശനിയാഴ്ചകളിലും 10-ാം ക്ലാസുകാര്‍ക്ക് ബുധനാഴ്ചകളിലുമാണ് സ്‌കൂളിലെത്തി പഠിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കുട്ടികള്‍ ഒത്തുകൂടുന്ന അസംബ്ലി, നീന്തല്‍ പരിശീലനം എന്നിവ നടത്താന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

Exit mobile version