ഗൃഹനാഥൻ മരിച്ചിട്ട് പത്തുദിവസം മാത്രം; നോവ് താങ്ങാനാകാതെ ഭാര്യയും എംബിഎ വിദ്യാർത്ഥിനിയായ മകളും ജീവനൊടുക്കി

ഗുരുഗ്രാം: ഗൃഹനാഥന്റെ അപ്രതീക്ഷിത മരണത്തിന്റെ മനോവിഷമത്തിൽ ഭാര്യയും മകളും ജീവനൊടുക്കി. ഗുരുഗ്രാമിലെ പ്രമുഖ ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന വീണാ ഷെട്ടി(46)യും മകളും സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയും എംബിഎ വിദ്യാർത്ഥിനിയുമായ യാഷിക ഷെട്ടി (24)യുമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വീട്ടിൽ മരിച്ചനിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.

വീണാഷെട്ടിയുടെ ഭർത്താവ് ഹരീഷ് ഷെട്ടിയെ ജൂലായ് ആറിന് ഒരു ഹോട്ടലിൽ ജീവനൊടുക്കിയനിലയിലാണ് കണ്ടെത്തിയത്. ഇതിനുപിന്നാലെ അതീവ ദുഃഖത്തിലായിരുന്ന വീണയും മകളും ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. എങ്കിലും മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

യാഷികയെ കിടപ്പുമുറിയിലും വീണയെ കിടപ്പുമുറിയിലെ ശൗചാലയത്തിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഹൗസിങ് സൊസൈറ്റി മാനേജർ അശോക് വർമ പറഞ്ഞു. ഇരുവരെയും മരിച്ചനിലയിൽ കണ്ടതോടെ ഇദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഈ വർഷം ജനുവരിയിലാണ് ടാക്‌സ് കൺസൾട്ടന്റായിരുന്ന ഹരീഷ് ഷെട്ടിയും കുടുംബവും ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിയിൽ താമസം ആരംഭിച്ചത്. വീണ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായിരുന്നു. മരിച്ച യാഷികയ്ക്ക് നിയമവിദ്യാർത്ഥിനിയായ ഒരു ഇരട്ടസഹോദരിയുമുണ്ട്.

Exit mobile version