തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്രനീക്കം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ച് പ്രതിഷേധം ശക്തം

ചെന്നൈ: തമിഴ്‌നാടിനെ വിഭജിക്കുന്നതായി തമിഴ് ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തം. കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു.

മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എംഡിഎംകെ) തന്തയ് പെരിയാര്‍ ദ്രാവിഡര്‍ കഴകം (ടിപിഡികെ) എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രതിഷേധം നടത്തിയത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊങ്കുനാടിന് കീഴില്‍ നിലവില്‍ പത്തു ലോക്സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംഡിഎകെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ജനങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഗാന്ധിപുരത്തെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ വെച്ച് 40ാളം ടിപിഡികെ പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത വന്ന തമിഴ് പത്രം കത്തിച്ചു.

തമിഴ് പ്രാദേശിക ദിനപത്രങ്ങളാണ് ശനിയാഴ്ച ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പിന്നാലെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിഷയം സജീവ ചര്‍ച്ചയായി.നിലവില്‍ പ്രതിപക്ഷത്തിരിക്കുന്ന അണ്ണാ ഡിഎംകെയുടെ ശക്തി കേന്ദ്രമാണ് കൊങ്കുനാട് മേഖല. ബിജെപിക്കും മേഖലയില്‍ ചെറിയ സ്വാധീനം പ്രദേശത്തുണ്ട്.

നിലവില്‍ എഐഎഡിഎംകെയും ബിജെപിയും സംസ്ഥാനത്ത് സഖ്യത്തിലാണെന്നതും ചര്‍ച്ചകള്‍ സജീവമാക്കുന്നുണ്ട്. കൊങ്കുനാട് പ്രദേശം എന്ന് കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിലവില്‍ പത്തു ലോക്‌സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുണ്ട്.

2024 ല്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കിയേക്കുമെന്ന സാധ്യതയും വാര്‍ത്ത മുന്നോട്ട് വയ്ക്കുന്നു. തമിഴ്‌നാട്ടില്‍ നിലവില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

Exit mobile version