മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളിയത് കബളിപ്പിക്കല്‍; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കിസാന്‍ സഭ

കര്‍ഷകരെ കബളിപ്പിക്കുന്ന തരത്തിലാണ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതെന്ന വാദവുമായി ഓള്‍ ഇന്ത്യാ കിസാന്‍ സഭ.

ന്യൂഡല്‍ഹി: മധ്യപ്രദേശിലോയും ഛത്തീസ്ഗഢിലേയും കര്‍ഷകരെ കബളിപ്പിക്കുന്ന തരത്തിലാണ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതെന്ന വാദവുമായി ഓള്‍ ഇന്ത്യാ കിസാന്‍ സഭ. കഴിഞ്ഞമാര്‍ച്ച് 31 വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതുകൊണ്ട് പ്രയോജനമില്ല. കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ ഡിസംബര്‍ 31വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളണമെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ നിലനിര്‍ത്താന്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തുമെന്നും സംസ്ഥാന കേന്ദ്രസര്‍ക്കാറുകളാണ് കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളെന്നും കിസാന്‍ സഭ വ്യക്തമാക്കി.

‘ജനുവരി എട്ടിനും ഒമ്പതിനും ഞങ്ങള്‍ ദേശീയ തലത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രതിഷേധം നടത്തും. ഗ്രാമീണ്‍ ഭാരത ബന്ദും.’ മൊല്ല പറഞ്ഞു. ഭൂമി അധികാര്‍ ആന്തോളനുമായി സഹകരിച്ചുകൊണ്ട് ട്രെയിന്‍ തടയല്‍ സമരവും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രം ഫണ്ട് അനുവദിക്കണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളരുതെന്ന നവ ഉദാര സാമ്പത്തിക വിദഗ്ധരുടെ നിലപാടില്‍ കഴമ്പില്ല. വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിനാലാണ് കര്‍ഷകര്‍ കടക്കെണിയിലായതെന്നും കിസാന്‍ സഭ പറഞ്ഞു.

Exit mobile version