ചര്‍ച്ചയ്ക്ക് തയ്യാര്‍ : കര്‍ഷകരോട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് കൃഷിമന്ത്രി

Farmer protest | Bignewslive

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. സമരം ഏഴ് മാസം പൂര്‍ത്തിയാകുന്ന വേളയിലാണ് മന്ത്രിയുടെ അഭ്യര്‍ഥന.നിയമങ്ങളിലെ ഏത് വ്യവസ്ഥയെക്കുറിച്ചും ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും കേന്ദ്രം തയ്യാറാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഇത് വരെ നടത്തിയ പതിനൊന്ന് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.

നവംബര്‍ 26ന് ആരംഭിച്ച പ്രക്ഷോഭം ഏഴ് മാസം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് രാജ്യത്തുടനീളം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന തലസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രക്ഷോഭകേന്ദ്രങ്ങളിലേക്ക് എത്താന്‍ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം കര്‍ഷക പ്രക്ഷോഭം ഏഴ് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ പ്രക്ഷോഭം അട്ടിമറിക്കാന്‍ സാധ്യയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. യെലോ ലൈന്‍ റൂട്ടിലെ മൂന്ന് സ്‌റ്റേഷനുകള്‍-വിശ്വ വിദ്യാലയം, സിവില്‍ ലൈന്‍സ്, വിധാന്‍ സഭ- താല്ക്കാലികമായി അടയ്ക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹി പോലീസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷനുകള്‍ അടച്ചതായി ഡിഎംആര്‍സി ട്വീറ്റ് ചെയ്തു.

ജൂണ്‍ 26ന് നടക്കുന്ന കര്‍ഷക പ്രക്ഷോഭം പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള ഐഎസ്‌ഐയുടെ നിഴല്‍സംഘങ്ങള്‍ ആക്രമിച്ചേക്കാമെന്നും സുരക്ഷ ശക്തമാക്കണമെന്നുമാണ് ഡല്‍ഹി പോലീസിനയച്ച കത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തും യുഎസിലും പ്രകടനം നടക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു.

Exit mobile version