“കര്‍ഷക പ്രക്ഷോഭത്തില്‍ ആരും മരിച്ചതായി രേഖയില്ല” : ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രതിഷേധത്തിനിടെ ആരും മരിച്ചതായി രേഖകളില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

ഇത്തരം മരണങ്ങള്‍ സംബന്ധിച്ച രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ലെന്നും അതുകൊണ്ട് തന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി നവംബര്‍ 19നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. അതിന്റെ ചുവട് പിടിച്ചുള്ള നടപടികളും സര്‍ക്കാര്‍ പിന്നീട് പൂര്‍ത്തിയാക്കി. എന്നാല്‍ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്ന പ്രതിഷേധക്കാരുടെ ആവശ്യമാണ് രേഖയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്.

രേഖാമൂലം എഴുതി നല്‍കിയ നടപടിയായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്.നിയമങ്ങള്‍ പിന്‍വലിക്കുന്നത് കൂടാതെ കര്‍ഷകരുടെ ആവശ്യങ്ങളും പരിഗണിച്ചാലെ സമരം അവസാനിപ്പിക്കുവെന്ന് കര്‍ഷക സംഘടനകള്‍ ആദ്യമെ തന്നെ അറിയിച്ചിരുന്നു. ധനസഹായം നല്‍കില്ലെന്നുറപ്പായ സാഹചര്യത്തില്‍ കര്‍ഷകരുടെ തീരുമാനമാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 700ലധികം കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version