ബിജെപി വിട്ടവർക്ക് സുരക്ഷയില്ല! മുകുൾ റോയിക്ക് നൽകിയിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിൻവലിച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയതോടെ മുകുൾ റോയിക്ക് ഏർപ്പെടുത്തിയിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. ബിജെപി മുൻ ദേശീയ ഉപാധ്യക്ഷൻ കൂടിയായിരുന്ന അദ്ദേഹം തൃണമൂലിലേക്ക് തന്നെ തിരിച്ചുപോയതോടെയാണ് ഇസഡ് സുരക്ഷാ കേന്ദ്ര സർക്കാർ പിൻവലിച്ചത്.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുൾ റോയിക്കും മറ്റു ബിജെപി നേതാക്കൾക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. അതേസമയം, പശ്ചിമ ബംഗാളിലെ മമത സർക്കാർ ഇതിനോടകം തന്നെ മുകുൾ റോയ്ക്ക് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ബിജെപിയുടെ 77 എംഎൽഎമാർക്കും കേന്ദ്ര സർക്കാർ കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുകുൾ റോയി തന്റെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ബിജെപി നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണിൽ സംസാരിച്ചുവെന്ന് മുകുൾ റോയ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബിജെപിയിലെ 30 ഓളം എംഎൽഎമാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മുകുൾ റോയിയുടെ മകൻ സുഭ്രാംഗ്ഷു റോയ് പറയുന്നത്.

നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിളിച്ചുചേർത്ത യോഗത്തിൽ 25 എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. അനാരോഗ്യമാണ് കാരണമായി എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Exit mobile version