കോമയിൽ നിന്നും ഉണർന്നില്ല, മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു

ബംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് (38) അന്തരിച്ചു. ബംഗളൂരു എൽആൻഡ്ടി സൗത്ത് സിറ്റിയിലെ ജെപി നഗർ സെവൻത് ഫേസിൽ വെച്ചാണ് ശനിയാഴ്ച രാത്രി ബൈക്ക് അപകടത്തിൽപ്പെട്ടത്. വിജയ് പിന്നിലിരുന്ന സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിലേക്ക് തെന്നിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചു.

ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുടെ സുഹൃത്ത് നവീനും(42) ചികിത്സയിലാണ്. അപകടത്തിൽ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് ഡോക്ടർമാർ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെയാണ് സഞ്ചാരി വിജയ് അവതരിപ്പിച്ചത്.


തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോഴും മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു.

Exit mobile version