‘മുറിവ് കെട്ടാൻ യുവതികളായ നഴ്‌സുമാർ വേണം’; അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു

ബംഗളൂരു: അപകടത്തിൽ പരിക്കേറ്റ യുവാക്കൾ യുവതികളായ നഴ്‌സുമാർ തന്നെ മുറിവുകെട്ടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതായി പരാതി. നാലംഗ സംഘമാണ് ആശുപത്രി ജീവനക്കാരെ ആക്രമിച്ചത്. ബംഗളൂരു കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്.

ജീവനക്കാരെ മർദ്ദിക്കുകയും ആശുപത്രിയിലെ ബില്ലിങ് കൗണ്ടർ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്ത സംഘം കടന്നുകളയുകയായിരുന്നു. മുറിവ് കെട്ടാൻ മെയിൽ നഴ്‌സിനെയാണ് ലഭിച്ചതെന്നും പരിചരിണത്തിന് വനിതാ നഴ്‌സിനെ ലഭിച്ചില്ലെന്നും ആരോപിച്ചാണ് പരിക്കേറ്റ രണ്ട് യുവാക്കൾ സുഹൃത്തക്കളെ കൂടി വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിട്ടത്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ ബൈയപ്പനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കെട്ടിട നിർമാണ തൊഴിലാളികളായ ഹേമന്ത് കുമാറും അനുയായികളായ കിരൺ കുമാർ, വിനോദ്, ചന്ദ്രശേഖർ എന്നിവർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുചക്രവാഹനത്തിൽനിന്ന് വീണ് പരിക്കേറ്റ ഹേമന്തും കിരണും ചികിത്സക്കായാണ് ആശുപത്രിയിലെത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു. കേസാകുമെന്നതിനാൽ നഴ്‌സിങ് സൂപ്പർവൈസറായ സവിത്രാമ്മയാണ് മുറിവ് കെട്ടാൻ പോയതെന്ന് ഓപറേഷൻ തിയറ്റർ നഴ്‌സ് ഇൻചാർജ് എംബി പ്രസാദ് പറഞ്ഞു. എന്നാൽ, മുറിവിൽ ബാൻഡേജ് കെട്ടുന്നത് യുവതികളായ നഴ്‌സുമാർ മതിയെന്ന് പറഞ്ഞുകൊണ്ട് ഇരുവരും മുതിർന്ന നഴ്‌സിങ് ജീവനക്കാരിയായ സവിത്രാമ്മയോട് തട്ടിക്കയറി.

പിന്നീട് മോശം വാക്കുകൾ ഉപയോഗിക്കുകയും യുവതികളായ നഴ്‌സുമാരെ മുറിവുകെട്ടാൻ അയക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ സ്ഥലത്തെത്തിയ പ്രസാദിനെയും സുരക്ഷാ ജീവനക്കാരനെയും ഇരുവരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ ഇരുവരുടെയും സുഹൃത്തുക്കളെയും ഇവർ ഫോണിൽ വിളിച്ചുവരുത്തി. ആശുപത്രിയിലേക്ക് അതിക്രമിച്ചെത്തിയ അനുയായികൾ ബില്ലിങ് കൗണ്ടറിലുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൗണ്ടറിലെ സാധനങ്ങൾ എടുത്തെറിയുകയും ചെയ്‌തെന്നാണ് പരാതി.

Exit mobile version