പതിവ് തെറ്റിച്ച് ഇത്തവണ യോഗിക്ക് പിറന്നാള്‍ ആശംസകള്‍ നേരാതെ മോഡി, വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിറന്നാള്‍ ആശംസകള്‍ നേരാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍വര്‍ഷങ്ങളിലെല്ലാം ജന്മദിനത്തില്‍ യോഗി ആദിത്യനാഥിന്റെ ട്വിറ്ററിലൂടെ മോഡി ആശംസകള്‍ നേര്‍ന്നിരുന്നു. ഈയൊരു പതിവാണ് ഇക്കുറി തെറ്റിയത്.

ബി.ജെ.പി ദേശീയ നേതൃത്വത്തിന് യു.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യോഗിക്ക് മോഡി പിറന്നാള്‍ ആശംസകള്‍ അറിയിക്കാതിരുന്നതും. അതേസമയം, യോഗി ആദിത്യനാഥുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ച് ആശംസകള്‍ നേര്‍ന്നുവെന്നാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

പി.എം.ഒ ഓഫീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം തുടങ്ങിയതിന് ശേഷം പ്രധാനമന്ത്രി ആര്‍ക്കും ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നില്ല. കേരളം, രാജസ്ഥാന്‍, ഹരിയാന, ഗോവ മുഖ്യമന്ത്രിമാര്‍ക്കും ഇക്കുറി മോഡി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

ബി.ജെ.പിക്ക് യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

Exit mobile version