ഒഡീഷ ലക്ഷ്യം വെച്ച് ഫെതായ് ചുഴലിക്കാറ്റ്; 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാകിനാഡയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

അമരാവതി: ഒഡീഷയെ ലക്ഷ്യം വെച്ച് ഫെതായ് ചുഴലിക്കാറ്റ് എത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫെതായ് ചുഴലിക്കാറ്റ് ഇന്നലെ ആന്ധ്രാപ്രദേശില്‍ ആഞ്ഞുവീശി. കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാകിനാഡയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

അധികം താമസിയാതെ തന്നെ ചുഴലിക്കാറ്റ് ഒഡീഷയില്‍ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രതീരത്തെ കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളില്‍ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കര്‍ കൃഷി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വീശിയടിച്ച ശക്തമായ കാറ്റില്‍ സ്ഥലത്തെ വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് മിക്കയിടത്തും വൈദ്യുതി വിതരണം താറുമാറായി. പല റോഡുകളിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. തീരദേശത്തുള്ള ഒട്ടേറെ വീടുകളും തകര്‍ന്നു. മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലില്‍ പോയ ചില ബോട്ടുകള്‍ കാണാനില്ലെന്നും പറയപ്പെടുന്നു. മുന്‍കരുതലായി ഇരുപതിനായിരം പേരെ തീരപ്രദേശത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടത്.

Exit mobile version