രാജ്യത്തെ തൊഴിൽസാധ്യത വർധിപ്പിക്കാൻ മോഡിയെ സഹായിച്ച 420 രഹസ്യങ്ങൾ; പുസ്തകം ആമസോണിൽ വാങ്ങിയവർ ഞെട്ടി; 56 പേജുകളും ശൂന്യം; ഒരുവരി പോലുമില്ല!

modi-book

ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ സാധ്യത വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സഹായിച്ച 420 രഹസ്യങ്ങൾ എന്ന പുസ്തമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയ ‘മാസ്റ്റർസ്‌ട്രോക്ക്: 420 സീക്രട്ടസ് ദാറ്റ് ഹെൽപ്പ്ഡ് പിഎം ഇൻ ഇന്ത്യ എംപ്ലോയ്‌മെൻറ് ഗ്രോത്ത്’- എന്ന ഇ-ബുക്കാണ് വലിയ ചർച്ചയായിരിക്കുന്നത്. മോഡിയുടെ ആ രഹസ്യങ്ങൾ ഒന്നറിയണമല്ലോ എന്ന് കരുതി പുസ്തകം വാങ്ങി തുറന്നവരൊക്കെ ഞെട്ടി. കവർ ചിത്രം ഒഴിച്ച് നിർത്തിയാൽ ബുക്കിനുള്ളിൽ ഒറ്റവരി പോലും ഇല്ല. ആമസോണിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ഇ-ബുക്കിന് 56 പേജാണ് ഉള്ളത്. ബുക്കിന്റെ
കവർ ചിത്രം പ്രധാനമന്ത്രി മോഡിയാണ്. എന്നാൽ, പൂർണമായും ശൂന്യം.

ബെറോസാഗർ ഭക്ത് എന്ന എഴുത്തുകാരനാണ് പുസ്തക രചയിതാവ്. ബെറോസാഗർ എന്നാൽ തൊഴിലില്ലാത്തയാൾ എന്നാണ് അർഥം. തൊഴിലുകൾ വർധിപ്പിക്കാൻ മോഡി എന്ത് ചെയ്തുവെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മഹാനായ നേതാവായ മോഡി എങ്ങനെയാണ് രാജ്യത്തെ സഹായിച്ചത്. ഇന്ത്യയിൽ തൊഴിലുകൾ വർധിപ്പിക്കുന്നതിനായി മോഡി ചെയ്ത കാര്യങ്ങൾ വിവരിക്കുകയാണ് പുസ്‌കത്തിലെന്നാണ് അതിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പുസ്തകം പുറത്തെത്തിയതോടെ അതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. പുസ്തകം വിൽപനക്കുവെച്ച ആമസോൺ ഇ-ബുക്ക്‌സിന്റെ കമന്റ് ബോക്‌സിലും ട്രോളുകൾ നിറഞ്ഞു. ഒടുവിൽ പുസ്തകം പിൻവലിച്ചിരിക്കുകയാണ് ആമസോൺ.

Exit mobile version