ആശുപത്രികളില്ല, ഓക്‌സിജൻ ക്ഷാമവും; യുപിയിലെ ഈ ഗ്രാമത്തിൽ രോഗികൾക്ക് ചികിത്സ വേപ്പ് മരത്തിന് കീഴിൽ

up village2

ലഖ്‌നൗ: ഓക്‌സിജൻ ക്ഷാമവും ചികിത്സാ അപര്യാപ്തതയും വലയ്ക്കാൻ തുടങ്ങിയതോടെ സ്വന്തമായി ചികിത്സാ കേന്ദ്രമൊരുക്കി ഉത്തർപ്രദേശിലെ ഈ ഗ്രാമം. ആശുപത്രിയോ ഡോക്ടറോ ചികിത്സാസൗകര്യങ്ങളോ ഇല്ലാത്ത മെവ്‌ല ഗോപാൽഗഢിലാണ് നാട്ടുകാർ മരച്ചുവട്ടിൽ കട്ടിലൊരുക്കിയിരിക്കുന്നത്. ഗ്ലൂക്കോസ് ഡ്രിപ്പുകൾ മരച്ചില്ലയിൽ തൂങ്ങിയിട്ടാണ് ചികിത്സ. രോഗി കട്ടിലിൽ വിശ്രമിക്കുമ്പോൾ സമീപത്ത് കാലികൾ മേയുന്നതും കാണാം.

വേപ്പുമരച്ചുവട്ടിലാണ് കട്ടിലുകൾ സ്ഥാപിച്ചിരിക്കുന്നത്. വേപ്പ് മരത്തിന്റെ ചുവട്ടിൽ കിടന്നാൽ ശരീരത്തിലെ ഓക്‌സിജൻ ലഭ്യത കൂടുമെന്നാണ് ഇവരുടെ വിശ്വാസം. ശരിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെങ്കിലും ഇവർക്കിത് വിശ്വസിക്കുകയല്ലാതെ മറ്റ് വഴികളില്ല.

നിരവധി പേരാണ് ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. സമീപ പട്ടണത്തിൽ ആശുപത്രിയുണ്ടെങ്കിലും ഒഴിവില്ല. ഇതോടെയാണ് മരച്ചുവട് താത്കാലിക ചികിത്സ കേന്ദ്രമാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിൽ കോവിഡ് ഗുരുതരമായി പടരുകയാണ്. ഗ്രാമങ്ങളിൽ രോഗം അതിവേഗം പടരുന്നതാണ് വലിയ ഭീഷണി.

Exit mobile version