‘പണിയെടുക്കുന്നവര്‍ക്കേ തെറ്റ് പറ്റൂ’; മോഡി വിമര്‍ശനം പിന്‍വലിച്ച് തിരുത്തലുമായി അനുപം ഖേര്‍

മുംബൈ: കോവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ ആറുവരി കവിത പങ്കുവെച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍.

മോഡിക്ക് ഇമേജ് ആണ് മുഖ്യമെന്നായിരുന്നു അനുപം ഖേര്‍ ആദ്യം പറഞ്ഞത്.
എന്നാല്‍ പണിയെടുക്കുന്നവര്‍ക്കേ തെറ്റു പറ്റൂ എന്നാണ് അനുപം ഖേര്‍ ഇപ്പോള്‍ തിരുത്തി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്. അല്ലാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങള്‍ പറഞ്ഞ് അവരുടെ ജീവിതം അവസാനിപ്പിക്കും,’ എന്നാണ് അനുപം ഖേറിന്റെ പുതിയ ട്വീറ്റ്.

ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ നരേന്ദ്ര മോഡിയുടെ സ്തുതിപാഠകനായിരുന്നു അനുപം ഖേര്‍. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ മോഡിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

കോവിഡില്‍ ഇന്ന് രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു അനുപം ഖേര്‍ പറഞ്ഞത്. ഇമേജ് നിര്‍മ്മാണത്തേക്കാള്‍ ജീവന് പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ മനസ്സിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിമര്‍ശിക്കാന്‍ ഒരുപാട് സാഹചര്യങ്ങളുണ്ട്. നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. എന്നാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ നേട്ടത്തിനായി ഇത് ഉപയോഗിക്കുന്നു. അതും ശരിയല്ല,’ അനുപം ഖേര്‍ പറഞ്ഞു.

‘ഓക്‌സിജന്‍, കിടക്കകള്‍ എന്നിവയുടെ അഭാവം കാരണം ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ ആശ്വസിപ്പിക്കാന്‍ കഴിയും?,’ അദ്ദേഹം ചോദിച്ചു- എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കേന്ദ്രത്തെ വിമര്‍ശിച്ച് അനുപം ഖേര്‍ രംഗത്തെത്തിയത്.

Exit mobile version