ദുരിതം വിതച്ച് ഇടിമിന്നല്‍; ആസാമില്‍ ചെരിഞ്ഞത് 18ഓളം ആനകള്‍, ഹൃദയഭേദകം! പ്രദേശത്ത് പെരുമഴ തുടരുന്നു

Lightning Strike | Bignewslive

ദിസ്പുര്‍: ആസാമില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ 18 ആനകള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ നിന്നുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകളുടെ ജീവന്‍ കവര്‍ന്നതെന്നാണ് പ്രാഥമികനിഗമനമെന്ന് സംസ്ഥാന വനംവകുപ്പ് സൂചന നല്‍കി. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൃത്യമായ കാരണത്തെ കുറിച്ചും കൂടുതല്‍ ആനകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാവൂ എന്നും വനം വകുപ്പ് അധികൃതര്‍ അറിയിക്കുന്നു.

നാഗാവ് ഫോറസ്റ്റ് ഡിവിഷനിലെ കണ്ടോലി സംരക്ഷിത വനമേഖലയിലാണ് അപകടമുണ്ടായത്. പതിനാല് ആനകളെ ഒരു കുന്നിന്റെ മുകളിലും നാലെണ്ണത്തിനെ കുന്നിന്‍ചുവട്ടിലുമാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്നും ആനകളുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും വനം വകുപ്പുദ്യോഗസ്ഥന്‍ പറഞ്ഞു.

Exit mobile version