കോവിഡ് പോരാട്ടത്തിന് കരുത്തേകി വിദേശ രാജ്യങ്ങള്‍ നല്‍കിയ ഓക്‌സിജനും മരുന്നുകളും എവിടെ?, സഹായിച്ചവര്‍ തന്നെ ചോദിക്കുന്നു, കൈമലര്‍ത്തി മന്ത്രാലയങ്ങള്‍, ഉത്തരംമുട്ടിയ അവസ്ഥയില്‍

ന്യൂഡല്‍ഹി: രാജ്യം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കൊവിഡിനെ ചെറുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഹായങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന ഓക്‌സിജനും മരുന്നുകളും എവിടെ? വിതരണം ചെയ്‌തോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സഹായം നല്‍കിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഉയരുന്നത്.

മെയ് മൂന്ന് വരെ 14 വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് സഹായങ്ങള്‍ എത്തിയത്. എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തേക്കെത്തുന്ന വിദേശസഹായങ്ങളുടെ വിതരണത്തിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുളളത്. വിദേശസഹായം വിതരണം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഏത് ഏജന്‍സിയെ, വെബ്‌സൈറ്റിനെ ഉദ്യോഗസ്ഥനെ സമീപിക്കണം എന്ന വ്യക്തതയില്ലായ്മയില്‍ നിന്ന് ആരംഭിക്കുന്നതാണ് ഈ സുതാര്യതയുടെ അഭാവം.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതുസംബന്ധിച്ച് ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. പിന്നാലെ ഇന്ത്യയിലും വിദേശ സഹായം സംബന്ധിച്ച വിവരങ്ങളിലെ ആശയക്കുഴപ്പം ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യ ടുഡേ അടക്കമുള്ള പല ദേശീയ, അന്തര്‍ദ്ദേശീയ മാധ്യമങ്ങളും ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തിച്ചേരുന്ന സഹായങ്ങളുടെ വിതരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെങ്കില്‍ ഒരു മന്ത്രാലയം എന്ത് ചെയ്യുന്നു എന്ന് മറ്റ് മന്ത്രാലയങ്ങള്‍ക്കറിയില്ലാത്ത അവസ്ഥയാണ്. ആരോഗ്യ മന്ത്രാലയമാണ് വിതരണത്തെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതെന്ന് ചില ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയത്തെ (എംഇഎ) ചൂണ്ടിക്കാട്ടിയാണ് കൈയ്യൊഴിയുന്നത്.

വിദേശത്തുള്ള സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിലേക്കെത്തുന്ന എല്ലാ സഹായങ്ങളും ഇന്ത്യന്‍ റെഡ് ക്രോസ് സ്വീകരിക്കുന്നുണ്ടെന്നും അത് എംഇഎയ്ക്ക് കൈമാറുകയും പിന്നീട് ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഏകോപനത്തില്‍ ആഭ്യന്തര വിതരണത്തിനായി നല്‍കുകയും ചെയ്യുന്നുവെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ‘എംപവേര്‍ഡ് ഗ്രൂപ്പ്’ എന്ന നിലയില്‍ ഒരു സംഘത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ക്കാണ് വിതരണത്തിന്റെ ചുമതലയെന്നും ഈ ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നു. അതേസമയം, വിദേശത്തുനിന്നെത്തിയ ചരക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ഒരു മന്ത്രാലയത്തിനും കഴിഞ്ഞിട്ടില്ല.

Exit mobile version